ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി അജീഷാണ് ബിജെപിയിലെത്തിയത്.
അജീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന എൻ.കെ രമേഷും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ അഡ്വ കെ.കെ അനീഷ് കുമാർ ഇരുവരെയും അംഗത്വം നൽകി ഷാൾ അണിയിച്ച് സ്വീകരിച്ചു. ചേലക്കരയുടെ മാറ്റം ഇപ്പൊഴേ തുടങ്ങിയെന്ന് കെ.കെ അനീഷ് കുമാർ ചൂണ്ടിക്കാട്ടി.
ചേലക്കരയിൽ സുപരിചിതനായ കെ ബാലകൃഷ്ണനാണ് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി. 2015 മുതൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗമാണ് ബാലേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന കെ ബാലകൃഷ്ണൻ. തിരുവില്വാമല ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആണ്. ബിജെപി ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി കൂടിയാണ്. കെ ബാലകൃഷ്ണന് വേണ്ടി ഊർജ്ജിതമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസം മണ്ഡലത്തിൽ വിവിധ പാർട്ടികളിൽ നിന്നായി 20 കുടുംബങ്ങൾ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു. പൊറ്റ കോളനിയിലാണ് സിപിഎം – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുന്നത്. മേഖലയിൽ ബിജെപി നടത്തുന്ന മികച്ച പ്രവർത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും തെളിവാണിതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.