അഹമ്മദാബാദ്: ഗുജറാത്തിൽ 284 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന്റെ ഭാഗമായാണ് വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദ്വിദിന സന്ദർശനത്തിനായി അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി സംസ്ഥാനത്ത് നടക്കുന്ന വിവിധ പരിപാടികളിലും പങ്കെടുക്കും.
ജില്ലാ ആശുപത്രി, സ്മാർട്ട് ബസ് സ്റ്റോപ്പുകൾ, സോളാർ പദ്ധതി, രണ്ട് ഐസിയു ഓൺ വീലുകൾ എന്നിവയുൾപ്പെടെ നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
22 കോടി രൂപ ചെലവിൽ നിർമിച്ചതാണ് അഹമ്മദാബാദിലെ ആശുപത്രി. അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച ആശുപത്രിയിൽ ട്രോമ സെൻ്റർ, ഗൈനക്കോളജിക്കൽ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, സിടി സ്കാൻ സൗകര്യം, ഐസിയു, ലേബർ റൂം, ഫിസിയോതെറാപ്പി വാർഡുകൾ, മെഡിക്കൽ സ്റ്റോർ, ആംബുലൻസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. 10 സ്മാർട്ട് ബസ് സ്റ്റോപ്പുകൾ, പിക്ക്-അപ്പ് സ്റ്റാൻഡുകൾ, പുഷ്-ബട്ടൺ ക്രോസിംഗുകൾ, കാർ ചാർജിംഗ് പോയിൻ്റുകൾ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു. 23.26 കോടി രൂപ ചെലവിലാണ് മെഗാവാട്ട് സോളാർ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയത്. 75 കോടി രൂപയുടെ മാലിന്യ സംസ്കരണ പ്ലാൻ്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.