കണ്ണൂർ: കേരളത്തെ ഞെട്ടിച്ച പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ബോംബ് നിർമിച്ചത് ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കാനാനെന്ന് ഒന്നാം പ്രതി. ബോംബ് ഉണ്ടാക്കിയതിൽ മരണം വരെ കുറ്റബോധം ഇല്ലെന്നും വിനീഷ് മുളിയതോട് പറഞ്ഞു. ചെറുത്ത് നിൽപ്പിന്റെ അവയവമായാണ് ബോബ് കൊണ്ടു നടന്നത്. ആദ്യമായല്ല ബോംബ് ഉണ്ടാക്കുന്നതെന്നും വിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ വർഷം ഏപ്രിൽ അഞ്ചിനാണ് അർദ്ധരാത്രിയിലായിരുന്നു സംഭവം. വിനീഷിന്റെ വീടിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബുണ്ടാക്കുമ്പോൾ പ്രതികളുടെ കയ്യിൽ നിന്ന് പൊട്ടി. പരിക്കേറ്റ സിപിഎം പ്രവർത്തകൻ ഷെറിൽ മരിച്ചു. വിനീഷിന്റെ ഇടതുകൈ അറ്റു. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്. മരിച്ച ഷെറിൻ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്.
കേസിൽ പൊലീസിന് മൃദുസമീപനമായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് പ്രതികൾ മൊഴി നൽകിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഗുരുതര വെളിപ്പെടുത്തൽ നടത്തുന്നത്. കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. സ്ഫോടനം നടന്ന് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.















