തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ഭരണസമിതിയെ ആന്ധ്രാ പ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ബിആർ നായിഡു എന്നറിയപ്പെടുന്ന ടിവി5 ഉടമ ബൊല്ലിനെനി രാജഗോപാൽ നായിഡു ആണ് പുതിയ സമിതിയുടെ ചെയർമാൻ
മുൻ കേന്ദ്രമന്ത്രി പനബക ലക്ഷ്മി, മുൻ ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു, ഭാരത് ബയോടെക് സഹസ്ഥാപകയും മാനേജിങ് ഡയറക്ടറുമായ സുചിത്ര എല്ല എന്നിവരും പുതിയ ബോർഡ് അംഗങ്ങളിൽ ഉൾപ്പെടുന്നു.
ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്ന് എംഎൽഎമാരും, തെലങ്കാനയിൽ നിന്ന് അഞ്ച് അംഗങ്ങളും, കർണാടകയിൽ നിന്ന് മൂന്ന് പേരും, തമിഴ്നാട്ടിൽ നിന്ന് രണ്ട് പേരും, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും ബോർഡിൽ ഉൾപ്പെടുന്നു.ബി.ജെ.പി നോമിനിയെ തീരുമാനിച്ചിട്ടില്ല.
പ്രാദേശിക വാർത്താ ചാനലായ ടിവി 5 ന്റെ ഉടമയും ചെയർമാനുമായ ചിറ്റൂർ സ്വദേശിയായ ബി ആർ നായിഡു ഇപ്പോൾ ഹൈദരാബാദിലാണ് സ്ഥിരതാമസമാണ്. ചിറ്റൂർ ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ നിന്നുള്ള ബിആർ നായിഡു, ടിഡിപി സ്ഥാപകൻ എൻ ടി രാമറാവു സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. മുൻ കേന്ദ്രമന്ത്രി കൂടിയായ പനബക ലക്ഷ്മി നേരത്തെ തിരുപ്പതി ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
സുചിത്ര എല്ല നിലവിൽ ഭാരത് ബയോടെക്കിന്റെ സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) വിങ്ങിന് നേതൃത്വം നൽകുന്നു.