പത്തനംതിട്ട:കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന് ആയിരുന്നു അരുൺ കെ വിജയന്റെ മൊഴി. അന്വേഷണസംഘത്തിന് മുൻപിലും കളക്ടർ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാണ് വിശ്വസനീയമല്ലെന്ന് മഞ്ജുഷ തുറന്നു പറഞ്ഞത്.
കളക്ടറുമായി നവീൻ ബാബുവിന് ഒരു ആത്മബന്ധവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ഷെയർ ചെയ്യാൻ പറ്റുന്ന ഒരു വ്യക്തിയല്ലായിരുന്നു കളക്ടർ. കളക്ടറുടെ മൊഴിയിൽ വിശ്വാസമില്ല. അദ്ദേഹം പറയുന്നത് വെറും നുണയാണെന്നും മഞ്ജുഷ പറഞ്ഞു.
മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴും എഡിഎം ചേംബറിലെത്തി കണ്ടിരുന്നുവെന്ന മൊഴി കളക്ടർ പറഞ്ഞിരുന്നു. മൊഴിയിലെ പൂർണമായ രൂപം പുറത്തുവന്നിട്ടില്ലെന്നും എല്ലാം വിശദമായി അതിൽ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം.
പിപി ദിവ്യയ്‌ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിൽ കളക്ടറുടെ മൊഴിയിലെ ഈ ഭാഗം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റ് പറ്റിയെന്ന ഒറ്റ വാക്യത്തിൽ എഡിഎം അഴിമതിക്കാരനാണെന്ന് വിലയിരുത്താനാകില്ലെന്ന് ആയിരുന്നു കോടതിയുടെ നിരീക്ഷണം.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ പത്തനംതിട്ടയിലേക്കുളള യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന പിപി ദിവ്യ ക്ഷണിക്കാതെ വരികയും ചടങ്ങിൽ നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുകയുമായിരുന്നു. ചെങ്ങളായിയിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം. രാത്രിയിലുളള ട്രെയിനിൽ പത്തനംതിട്ടയിലെ വീട്ടിലേക്ക് മടങ്ങാനിരുന്ന നവീൻ ബാബുവിനെ പിറ്റേന്ന് മരിച്ച നിലയിലാണ് കണ്ടത്.















