ബരാമുള്ള: നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ബരാമുള്ള സെക്ടറിലെ ഉറിയിൽ നാട്ടുകാരോടൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ. കുട്ടികളോടൊപ്പം പൂത്തിരികത്തിച്ചും ദീപം തെളിയിച്ചും നാട്ടുകാർക്ക് പലഹാരം വിതരണം ചെയ്തുമാണ് സൈനികർ ആഘോഷങ്ങളിൽ പങ്കുചേർന്നത്. പരസ്പരം സമ്മാനങ്ങളും ആശംസകളും കൈമാറി. സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിക്കാനായതിൽ ഗ്രാമവാസികളും ആഹ്ലാദം പ്രകടിപ്പിച്ചു.
മുൻപും ഈദ് ഉൾപ്പടെയുള്ള എല്ലാ ആഘോഷങ്ങളും തങ്ങൾ സൈനികരോടൊപ്പമാണ് ആഘോഷിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അതിർത്തി ഗ്രാമമായതിനാൽ ജനങ്ങൾക്ക് കാവൽ നിൽക്കുന്നത് സൈനികരാണ്. എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷിക്കാൻ അവരുണ്ടെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ദീപവലി സമാധാനമായി ആഘോഷിക്കാൻ പറ്റുന്നതെന്ന് ഗ്രാമീണരിലൊരാൾ പറഞ്ഞു. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും സൈനികരെയും നാട്ടുകാർ പങ്കാളികളാക്കാറുണ്ട്.
ഉറിയിൽ മാത്രമല്ല രാജ്യാതിർത്തികളിലും മറ്റ് സൈനിക കേന്ദ്രങ്ങളിലും ദീപാവലി ആഘോഷങ്ങൾ നടന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അസമിലെ തേജ്‌പൂർ അതിർത്തിമേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു. 4 കോർപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും പങ്കെടുത്തു. മുൻവർഷങ്ങളിലും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ അതിർത്തിയിലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്.