വാഷിംഗ്ടൺ: മാലിന്യ ട്രക്കിന്റെ ഡ്രൈവറായി ഡോണാൾഡ് ട്രംപ്. കമല ഹാരിസിനും ജോ ബെെയ്ഡനുമുള്ള മറുപടി നൽകാനായാണ് ട്രംപ് മാലിന്യ ട്രക്കുമായി എത്തിയത്. കഴിഞ്ഞദിവസം മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന്റെ അനുയായികളെ ബൈഡന്‍ മാലിന്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.
ബോയിങ് 757 വിമാനത്തില്‍ നിന്നിറങ്ങിയാണ് ട്രംപ് നേരെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന തന്റെ ട്രക്കിൽ കയറിയത്. വിമാനത്തിലും ട്രക്കിലും ട്രംപിന്റെ പേരുണ്ടായിരുന്നു. സംശയം പ്രകടിപ്പിച്ച മാദ്ധ്യമങ്ങളോട് കമലയുടെയും ജോ ബൈഡന്റെയും ബഹുമാനാര്‍ത്ഥമാണിതെന്നും അദ്ദേഹം പറഞ്ഞു. വെളുത്ത ഷർട്ടിന് മുകളിൽ ഓറഞ്ച് റിഫ്ലക്ടർ ഘടിപ്പിച്ച സേഫ്റ്റി വെസ്റ്റും ഇതിനിടയിൽ ട്രംപ് ധരിച്ചു. ട്രക്കിന്റെ ക്യാബിനിൽ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും പരസ്പരം കൊണ്ടും കൊടുത്തും തെരഞ്ഞെടുപ്പ് ഗോദയിൽ മുന്നേറുകയാണ്. ബൈഡന്റെ മാലിന്യ പ്രസ്താവന വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ട്രംപ്. കഴിഞ്ഞയാഴ്ച നടന്ന റാലിയിൽ പ്യൂർട്ടോ റിക്കോ ഒഴുകുന്ന മാലിന്യ ദ്വീപ് എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സമാനരീതിലുള്ള പരാമർശവുമായി ബൈഡൻ എത്തിയത്.















