ബെംഗളൂരു: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യാ പിതാവും ബിപിഎൽ സ്ഥാപകനുമായ ടി.പി.ജി നമ്പ്യാർ(96) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരു വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിയിരുന്നു. തലശ്ശേരി സ്വദേശിയാണ്
1963-ലാണ് അദ്ദേഹം ബിപിഎല്ലിന് തുടക്കമിടുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ഒരുകാലത്ത് ബിപിഎല്‍. ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു ആദ്യകാലങ്ങളിൽ ബിപിഎല്‍ പ്രവർത്തിച്ചത്. 1990-കളില്‍ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ നമ്പർ വൺ സ്ഥാപനമായി ബിപിഎൽ വളർന്നു .
അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്. സംസ്ക്കാരം നാളെ ബെംഗളൂരു കൽപ്പള്ളി ശ്മശാനത്തിൽ.















