എറണാകുളം: യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സേവന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന മഹത് വ്യക്തിത്വമായിരുന്നു തോമസ് പ്രഥമൻ ബാവയുടേതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
”സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ എന്നറിയപ്പെടുന്ന തിരുമേനി സേവനപ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വമായിരുന്നു. ജാതി-മത ചിന്തകൾക്കപ്പുറം എല്ലാവരെയും ഒരുപോലെ കാണാനും ഇടപെടാനും ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്‌ക്ക് സാധിച്ചു. അദ്ദേഹത്തിന്റെ വിടവ് നികത്താനാവാത്തതാണ്. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.”- കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബസേലിയസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചത്. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് 6 മാസത്തോളം ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹം കാലം ചെയ്തു.















