തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെയും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി. ഏഴാം തീയതി രാത്രി 8.30-ന് ഉത്സവശീവേലിയിൽ വലിയക്കാണിക്ക നടക്കും. എട്ടിന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുൻപിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും. ഒൻപതിന് വൈകുന്നേരം ശംഖുമുഖം ആറാട്ടുകടവിൽ നടക്കുന്ന ആറാട്ടിന് ശേഷം ഉത്സവത്തിന് കൊടിയിറങ്ങും.
ഇന്നലെ നടന്ന ചടങ്ങിൽ ശ്രീകോവിലിന് ഉള്ളിലെ ആവാഹനം കഴിഞ്ഞ് കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തുനമ്പിയും കിഴക്കേനടയിലെ കൊടിമരച്ചുവട്ടിൽ എഴുന്നള്ളിച്ചു. തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഈ സമയം മംഗളസൂചകമായി ആകാശത്ത് ഗരുഡൻ വട്ടമിട്ട് പറന്നു. ഭക്തർ വിഷ്ണുനാമങ്ങൾ ഉരുവിട്ടു.
പള്ളിവേട്ടയ്‌ക്കുള്ള മുളയീട് പൂജയ്‌ക്കായി മിത്രനാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നും മണ്ണുനീർ കോരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഉത്സവദിവസങ്ങളിൽ വൈകുന്നേരം 4.30-നും 8.30-നും ശീവേലിയുണ്ടാകും. കിഴക്കേനട പടിക്കെട്ടിന് താഴെയും, വടക്കേനട ശ്രീപാദത്തിലും തുലാഭാരമണ്ഡപത്തിലും രാവിലെയും വൈകുന്നേരവും വിവിധ കലാപരിപാടികൾ അരങ്ങേറും. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ മാറ്റമുണ്ടായിരിക്കും. ആറാട്ട് ദിവസമായ ഒൻപതിന് രാവിലെ 8.30 മുതൽ 10 മണിവരെ മാത്രമായിരിക്കും ദർശനം.
തന്ത്രി ഗോകുൽ നാരായണർ ആണ് തിരുവട്ടാർ ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് കൊടിയേറ്റിയത്. അഞ്ചാം ദിവസമായ നവംബർ നാലിന് രാത്രി എട്ടിന് തിരുവനമ്പാടി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറും.















