വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്ന കടലുണ്ടി വാവുത്സവം ഇന്ന് ആചാരപരമായി നടക്കും. പുരാതന ആചാരാനുഷ്ഠാനങ്ങൾക്ക് ഒരു മാറ്റവും വരുത്താതെ പാലിച്ചുവരുന്ന കടലുണ്ടിയിലെ പേടിയാട്ടു കാവിലാണ് ഉത്സവം നടക്കുക.
പേടിയാട്ട് ഭഗവതി കാവിൽ 26 ഒക്ടോബറിന് ഭക്തിയുടെ നിറവിൽ കൊടിയേറി.
എല്ലാ വർഷവും മലയാളകലണ്ടറിലെ തുലാംമാസത്തിൽ കറുത്ത വാവിനാണ് ഉത്സവം നടക്കുന്നത്. ഈ ദിവസം കഴിയുന്നതും ചോതി നക്ഷത്രമാണ് വരുക. ചില വർഷത്തിൽ നാളിൽ ചില മാറ്റങ്ങൾ വരാറുണ്ട്. പക്ഷെ ഉത്സവം കറുത്ത വാവു ദിവസം മാത്രമാണ്.പേടിയാട്ടുകാവിൽ ഭഗവതിയുടെ വാവുത്സവം ഹിന്ദുമതത്തിലെ സകല സമുദായങ്ങളും പങ്കുകൊള്ളുന്നതും ആയിരങ്ങൾ വ്രതമനുഷ്ഠിക്കുന്നതുമാണ്. ഈ നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഉൾക്കൊണ്ടാണ് ഈ വാവുത്സവം കൊണ്ടാടുന്നത്.
നവംബര് 1 നാണ് ആണ് ഇത്തവണത്തെ വാവുത്സവം. നാടുനീളെ ഉത്സവമറിയിച്ചു ഊരുചുറ്റിയതിനു ശേഷം വാവുത്സവദിവസം വാക്കടവിൽ എത്തുന്ന മകൻ ജാതവൻ, ‘അമ്മ ഭഗവതിയെ കണ്ടുമുട്ടി, നീരാട്ടിനുശേഷം ഇരുവരും തിരിച്ചെഴുന്നള്ളുന്നതാണ് വാവുത്സവം. വാദ്യമേളങ്ങളോടെ വര്ണപ്പൊലിമ നിറഞ്ഞ വരവ് പര്യവസാനിക്കുന്നതു പേടിയാട്ട് കാവിൽ വൈകുന്നേരത്തോടെ നടക്കുന്ന കുടിക്കൂട്ടൽ ചടങ്ങോടുകൂടിയാകുന്നു. ഈ ചടങ്ങോടു കൂടി വാവുത്സവം സമാപിക്കും, പിന്നെ ഏഴുദിവസം കാവുപരിസരത്ത് ആരുംതന്നെ പോവാറില്ല.ആ ദിവസങ്ങളിൽ നടതുറക്കാതെ സന്ധ്യാദീപം മാത്രമേ ഉണ്ടാകൂ.















