മഞ്ചേരി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ നാലാമാതായി സെമിയിൽ ഇടംപിടിക്കുന്ന ടീമിനെ ഇന്ന് അറിയാം. മഞ്ചേരിയിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മലപ്പുറം എഫ്‌സി തിരുവനന്തപുരം കൊമ്പൻസിനെ ഇന്ന് നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം.
കാലിക്കറ്റ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചി ടീമുകൾ ഇതിനോടകം സെമിയിൽ ഇടംപിടിച്ചു കഴിഞ്ഞു. തിരുവനന്തപുരം കൊമ്പൻസോ മലപ്പുറം എഫ്‌സിയോ ആരാണ് നാലാമതായി എത്തുകയെന്നാണ് ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.
ഇന്നത്തെ മത്സരം സമനിലയായാലും നിലവിൽ 12 പോയിന്റുളള കൊമ്പൻസിന് സെമിയിൽ ഇടംപിടിക്കാം. എന്നാൽ മലപ്പുറം എഫ്‌സിക്ക് ഒൻപത് പോയിന്റാണുളളത്. ജയിച്ചാൽ മാത്രമേ സെമിയിലേക്ക് മലപ്പുറത്തിന് കടക്കാനാകൂ. സ്വന്തം കാണികൾക്ക് മുൻപിലാണ് ബൂട്ട് കെട്ടുകയെന്നത് മലപ്പുറത്തിന്റെ സമ്മർദ്ദവും ഉയർത്തും.
ഇന്നലെ നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കണ്ണൂർ വാരിയേഴ്‌സിനെ തോൽപിച്ചിരുന്നു. ഈ ജയത്തോടെ 10 കളികളിൽ നിന്ന് 19 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി കാലിക്കറ്റ് സെമിയിലെത്തുകയും ചെയ്തു. കണ്ണൂരിന് 16 പോയിന്റാണുളളത്.
കാലിക്കറ്റിനായി ഓസെയ് റിച്ചാർഡ്, ജോൺ കെന്നഡി, മുഹമ്മദ് റിയാസ് എന്നിവരാണ് കണ്ണൂരിന്റെ വല കുലുക്കിയത്. പെനാൽറ്റി മുതലാക്കിയ സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡെയിലൂടെ കണ്ണൂരായിരുന്നു 22 ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കാലിക്കറ്റ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി കൂട്ടിച്ചേർത്തതോടെ കാലിക്കറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു.
അഞ്ചിനും ആറിനുമാണ് സെമികൾ നടക്കുക. നവംബർ 10 നാണ് ഫൈനൽ.