ലേ: ഭൂമിക്ക് പുറത്തുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ജീവന്റെ തുടിപ്പ് കണ്ടെത്തുന്നതിനുമായി ഇന്ത്യയുടെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ഐഎസ്ആർഒ. ലഡാക്കിലെ ലേയിലാണ് പുതിയ മിഷന് ഐഎസ്ആർഒ തുടക്കം കുറിച്ചത്. ഇസ്രോയുടെ ഹ്യുമൺ സ്‌പേസ്ഫ്‌ളൈറ്റ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഈ ദൗത്യം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലമെന്റ് കൗൺസിലിന്റെ സഹകരണത്തോടെ യൂണിവേഴ്‌സിറ്റി ഓഫ് ലഡാക്കും, ഐഐടി ബോംബെയും സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്.
ഭൂമിക്ക് പുറത്തുള്ള ജീവനുകളെ കുറിച്ച് പഠിക്കുന്നതാണ് ദൗത്യം. ചൊവ്വയിലെയും ചന്ദ്രനിലെയും മറ്റ് ഗ്രഹങ്ങളിലെയും മനുഷ്യവാസ സാദ്ധ്യതകളും പഠനത്തിന്റെ ഭാഗമാകും. പുത്തൻ കണ്ടുപിടുത്തങ്ങൾക്കും ഭൂമിക്ക് പുറത്തുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ദൗത്യം സഹായകരകമാകുമെന്ന് ഐഎസ്ആർഒ കുറിച്ചു. Hab-1 എന്ന പേരിട്ടിരിക്കുന്ന ചെറിയ പേടകത്തിലാണ് പഠനങ്ങൾ നടക്കുന്നത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനും മറ്റു ബഹിരാകാശ പര്യവേഷണങ്ങൾക്കും അനലോഗ് ബഹിരാകാശ ദൗത്യം കൂടുതൽ സംഭാവനകൾ നൽകും. മനുഷ്യരെ ബഹികാരാശത്ത് എത്തിക്കുന്നതിനും മറ്റു ഗ്രഹങ്ങളിലെ വാസയോഗ്യത അളക്കുന്നതിനും പുതിയ ദൗത്യം സഹായിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
🚀 India’s first analog space mission kicks off in Leh! 🇮🇳✨ A collaborative effort by Human Spaceflight Centre, ISRO, AAKA Space Studio, University of Ladakh, IIT Bombay, and supported by Ladakh Autonomous Hill Development Council, this mission will simulate life in an… pic.twitter.com/LoDTHzWNq8
— ISRO (@isro) November 1, 2024
ഭൂപ്രകൃതി കണക്കിലെടുത്താണ് ഗവേഷകർ ലഡാക്കിലെ ലേ തെരഞ്ഞെടുത്തത്. ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലവുമായി ഏറെ അടുത്ത് കിടക്കുന്ന ഇന്ത്യൻ പ്രദേശമാണ് ലേ. ഈ സവിശേഷത പഠനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു. ബഹിരാകാശത്തെ കുറിച്ച് ദീർഘനാൾ നീണ്ടു നിൽക്കുന്ന പഠനങ്ങൾ നടത്താനും യോജിച്ച പ്രദേശമാണ് ലേയെന്നും ഗവേഷക സംഘം പറഞ്ഞു.















