ന്യൂഡൽഹി : വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്ത് നൽകി. വഖഫ് ബോർഡ് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ, മഠങ്ങൾ , കർഷക ഭൂമി എന്നിവയിൽ അവകാശവാദം ഉന്നയിക്കുന്നത് കണക്കിലെടുത്താണ് പാട്ടീലിന്റെ കത്ത്.
കർണാടകയിലെ വഖഫ് ബോർഡ് കർഷകരുടെ ഭൂമിയിൽ അടുത്തിടെ നടത്തിയ ഏകപക്ഷീയമായ അവകാശവാദവും ബിജെപി എംഎൽഎ തന്റെ കത്തിൽ പരാമർശിച്ചു. കർഷകരുടെ ഭൂമിയിലും മഠങ്ങളിലും ക്ഷേത്രങ്ങളിലും അവകാശവാദമുന്നയിച്ച് സമത്വത്തിനുള്ള അവകാശമാണ് വഖഫ് ബോർഡ് ലംഘിച്ചിരിക്കുന്നതെന്നും പാട്ടീൽ പറഞ്ഞു.ന്യായമായ ഭരണം ഉറപ്പാക്കുന്നതിനും കൂടുതൽ അനീതി തടയുന്നതിനുമായി വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കുന്നത് അനിവാര്യമാണെന്നും കത്തിൽ പറയുന്നു.
വഖഫ് ബോർഡ് ശക്തമായി നിലനിൽക്കുന്നത് നിലവിലുള്ള വഖഫ് നിയമങ്ങൾ കൊണ്ട് മാത്രമാണ്. ഈ അധികാരങ്ങൾ ഉപയോഗിച്ച് മതസ്ഥാപനങ്ങളുടെയും കർഷകരുടെയും വഖഫുമായി ബന്ധമില്ലാത്ത എല്ലാവരുടെയും സ്വത്തുക്കൾ കയ്യേറുകയാണ്. വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കുന്നത് സുതാര്യത കൊണ്ടുവരുമെന്ന് മാത്രമല്ല, അതുവഴി മറ്റുള്ളവരുടെ സ്വത്തുക്കൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.















