മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന മനുഷ്യരെ മിക്കപ്പോഴും നമ്മൾ കാണാറുണ്ട്. സംസ്ഥാന സർക്കാർ പിടിച്ച് നിൽക്കുന്നത് തന്നെ മദ്യം വിറ്റ് കിട്ടുന്ന പണം കൊണ്ടാണ്. അതുകൊണ്ട് തന്നെ മദ്യത്തിനെതിരെ യാതൊരു നടപടിയും സർക്കാർ എടുക്കുകയുമില്ല.
എന്നാൽ മനുഷ്യർ മാത്രമേ മദ്യപിക്കൂ എന്നാണ് നിങ്ങൾ വിചാരിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി. മൃഗങ്ങളും മദ്യപിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പക്ഷെ അവർ മലയാളിയെ പോലെ ബെവ്കോ ഔട്ട്ലൈറ്റിൽ പോയി ക്യൂ നിൽക്കില്ലെന്ന് മാത്രം.
നൂറുകണക്കിനു വർഷങ്ങളായി മൃഗങ്ങൾ മദ്യത്തിലെ പ്രധാന ചേരുവയായ എഥനോൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും രൂപം കൊള്ളുന്ന ഒരു തരം ആൽക്കഹോൾ ആണ് എഥനോൾ. സയൻസ് ജേണലായ ട്രെൻഡ്സ് ഇൻ ഇക്കോളജി & എവല്യൂഷനിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“എഥനോൾ മനുഷ്യർ ഉപയോഗിക്കുന്ന ഒന്നാണ്” എന്ന ധാരണ തെറ്റാണെന്ന് എക്സെറ്റർ യൂണിവേഴ്സിറ്റി ബിഹേവിയറൽ ഇക്കോളജിസ്റ്റും മുതിർന്ന എഴുത്തുകാരനുമായ കിംബർലി ഹോക്കിംഗ്സ് പറഞ്ഞു. മനുഷ്യ വംശം ഉദയം ചെയ്യുന്നതിന് മുമ്പ് തന്നെ മദ്യം കായ്‌ക്കുന്ന പഴങ്ങൾ ഭൂമിയിലുണ്ട്. ബിയർ അല്ലെങ്കിൽ വൈൻ എന്നിവയുടെ മണമുള്ള ചീഞ്ഞ പഴങ്ങളിൽ എഥനോൾ കാണപ്പെടുന്നു.
ഈ പഴങ്ങളിൽ 1 മുതൽ 2 ശതമാനം വരെ ആൽക്കഹോൾ മാത്രമാണ് ഉള്ളത്. എന്നാൽ ഈ ആൽക്കഹോൾ പോലും ഒരു മൃഗത്തെ ലഹരി പിടിപ്പിക്കും. കാടുകളിൽ ഇത്തരം അവസ്ഥയിലുള്ള കുരങ്ങുകളേയും കരടികളേയും കാണാൻ സാധിക്കും. അവർ ലഹരിക്കായി ഇത്തരം പഴങ്ങൾ തേടി പോകുന്നുണ്ടാകാം. എന്നാൽ മനുഷ്യനെ പോലെ അവർക്ക് മദ്യത്തിനോട് ആസക്തിയുള്ളതിന് തെളിവില്ലെന്ന് പഠനം പറയുന്നു.