കണ്ണൂർ: കൺപോളയിൽ ചൂണ്ട തുളച്ചുകയറി യുവതിക്ക് പരിക്ക്. പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശി ജിഷയ്‌ക്കാണ് പരിക്കേറ്റത്. വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെയായിരുന്നു സംഭവം. വിറകുപുരയ്‌ക്ക് മുകളിലായി തൂക്കിയിട്ടിരുന്ന മീൻ ചൂണ്ട ജിഷയുടെ കൺപോളയിൽ തുളച്ചു കയറുകയായിരുന്നു.
ചൂണ്ട നാര് പൊട്ടിച്ച് യുവതിയെ ഉടൻ തന്നെ പേരാവൂരിലെ വിവിധ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൂണ്ട പുറത്തെടുക്കാനായില്ല. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ദന്തവിഭാഗം ഡോക്ടർമാരാണ് രക്ഷകരായത്.
ദന്തവിഭാഗത്തിന്റെ പക്കലുള്ള ഗ്രൈൻഡിംഗ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രഭാഗം മുറിച്ചുമാറ്റി. തുടർന്ന് നേത്രവിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ ചൂണ്ട പൂർണമായും ജിഷയുടെ കണ്ണിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. യുവതിക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.















