ജാവ: ആപ്പിൾ ഐഫോണുകൾക്ക് പിന്നാലെ ഗൂഗിൾ പിക്സൽ ഫോണുകളുടെ വില്പനയും നിരോധിച്ച് ഇന്തോനേഷ്യ. ഗൂഗിളിന്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് പിക്സൽ ഫോണുകൾ നിലവിൽ ഇന്തോനേഷ്യയിൽ വിൽക്കപ്പെടുന്നില്ല. കമ്പനികൾ അവരുടെ ഉൽപന്നങ്ങളുടെ നിർമ്മാണത്തിന് കുറഞ്ഞത് 40 ശതമാനമെങ്കിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഘടകങ്ങൾ ഉപയോഗിക്കണമെന്ന രാജ്യത്തിന്റെ നയം പാലിക്കുന്നതിൽ ഗൂഗിൾ വീഴ്ച വരുത്തിയതാണ് പിക്സൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്താൻ കാരണം.
ഇന്തോനേഷ്യയിലെ എല്ലാ നിക്ഷേപകർക്കും നീതി ഉറപ്പുവരുത്താനാണ് ഈ നിയന്ത്രണങ്ങളെന്നും ഗൂഗിളിന്റെ ഉത്പന്നങ്ങൾ ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഫോണുകൾ രാജ്യത്ത് വിൽക്കാൻ കഴിയില്ലെന്നും ഇന്തോനേഷ്യൻ വ്യവസായ മന്ത്രാലയ വക്താവ് ഫെബ്രി ഹെൻഡ്രി ആന്റണി ആരിഫ് പറഞ്ഞു. അതേസമയം ആവശ്യക്കാർക്ക് ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾ വിദേശത്ത് നിന്നുവാങ്ങാനും ആവശ്യമായ നികുതി അടച്ചാൽ രാജ്യത്തേക്ക് കൊണ്ടുവരനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോണുകൾക്ക് നിരോധനമേർപ്പെടുത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് ആപ്പിൾ ഐഫോൺ16 നും രാജ്യത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ഇന്തോനേഷ്യൻ സർക്കാരിന് നൽകിയ നിക്ഷേപ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഐഫോണുകളുടെ വില്പന തടയാൻ കാരണം. ആപ്പിൾ ഐഫോൺ 16 രാജ്യത്ത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്തോനേഷ്യൻ വ്യാവസായിക മന്ത്രി പ്രസ്താവനയിറക്കുകയും ചെയ്തു.