അനന്ദ് അംബാനിയുടെ ലോകപ്രശസ്ത വന്യജീവി സംരക്ഷണ കേന്ദ്രമായ വന്താരയിലേക്ക് മൂന്ന് അഥിതികളെത്തുന്നു. 28 നും 29 വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ആഫ്രിക്കൻ ഫോറസ്റ്റ് ആനകളാണ് വന്താരയിലെ തങ്ങളുടെ പുതിയ വീട്ടിലേക്ക് എത്തുന്നത്. ഈ ആനകളെ ടുണീഷ്യയിൽ നിന്ന് വന്താരയിലേക്ക് കൊണ്ടുവരാൻ അനന്ദ് ചാർട്ടർ വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
ആനകളുടെ പ്രത്യേക ഭക്ഷണക്രമം, പാർപ്പിടം, മെഡിക്കൽ ആവശ്യങ്ങൾ എന്നിവ സ്ഥിരമായി നിറവേറ്റാൻ കഴിയുന്ന അനുകൂലമായ അന്തരീക്ഷം തേടി ടുണീഷ്യയിലെ ഒരു സ്വകാര്യ വന്യജീവി സ്ഥാപനമാണ് അനന്ദ് നടത്തുന്ന വന്താരയെ സമീപിച്ചത്. കനി, മിന എന്നീ പെൺ ആനകളും അച്താം എന്നുപേരുള്ള ആൺ ആനയുമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. വംശനാശം നേരിടുന്ന ഈ ആനകളെ 20 വർഷം മുൻപാണ് ട്യുണീഷ്യയിലെത്തിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും (CITES) അന്തർദേശീയ കൈമാറ്റത്തിനുള്ള ചട്ടങ്ങളും നിയമനടപടികളുമെല്ലാം പൂർത്തിയായതോടെ മൂവരും ചാർട്ടേഡ് കാർഗോ വിമാനം വഴി ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക് തയ്യാറെടുക്കുകയാണ്. ആഫ്രിക്കൻ ഫോറസ്റ്റ് ആനകൾ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ വനങ്ങളിൽ വസിക്കുന്നവയാണ്. അതിനാൽ തന്നെ ആനകൾക്കായി അവരുടേതായ സ്വാഭാവിക ആവാസവ്യവസ്ഥ വന്താരയിൽ രൂപപ്പെടുത്തിയിട്ടുണ്ട്.