ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പേരിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. അത്തരം സംഭവങ്ങൾ വർഗീയമല്ലെന്നും, രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇയാൾ അവകാശപ്പെടുന്നു. അവാമി ലീഗ് ഭരണത്തെ രാജ്യത്തെ പല ഹിന്ദുകളും പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ മതപരമായ സംഘർഷം എന്നതിനെക്കാൾ രാഷ്‌ട്രീയമായ പ്രശ്‌നങ്ങളുടെ പേരിലാണ് പല അക്രമങ്ങളും സംഭവിക്കുന്നതെന്നും മുഹമ്മദ് യൂനുസ് പറയുന്നു.
” ഇപ്പോൾ പുറത്തുകാര്യങ്ങൾ അതിശയോക്തി കലർന്നതാണെന്ന് പ്രധാനമന്ത്രി മോദിയോടും ഞാൻ പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്ക് പല മാനങ്ങളുമുണ്ട്. ഷെയ്ഖ് ഹസീനയുടേയും അവാമി ലീഗിന്റെയും അതിക്രമങ്ങൾക്ക് ഒപ്പം നിന്നവരുണ്ട്. രാജ്യം പ്രക്ഷോഭത്തിലൂടെ കടന്നു പോയപ്പോൾ അവർക്കൊപ്പം നിന്നവരും കൂടി ഇപ്പോൾ ആക്രമിക്കപ്പെടുന്നു.
ഹിന്ദുക്കൾ അവാമി ലീഗിനോട് അനുഭാവികളാണെന്നതിനാലാണ് അവരും ആക്രമിക്കപ്പെടുന്നത്. സംഭവിക്കുന്നത് ശരിയാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ സ്വത്തുക്കൾ ഉൾപ്പെടെ തട്ടിയെടുക്കാനുള്ള ഒഴിവുകഴിവായി പലരും ഇത് ഉപയോഗിക്കുന്നു. ഹിന്ദുക്കളും അവാമി ലീഗ് അനുഭാവികളും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. മാത്രവുമല്ല ഇതിനെല്ലാം വലിയ രാഷ്‌ട്രീയമാനമുണ്ട്. അതൊന്നും വർഗീയതല്ല. ഇന്ത്യ ഈ സംഭവങ്ങൾക്ക് വലിയ പ്രചാരം നൽകുകയാണ്. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. സാധ്യമായതെല്ലാം ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും” മുഹമ്മദ് യൂനുസ് പറയുന്നു.
ജൂലൈ അവസാനത്തോടെ ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭങ്ങൾക്ക് പിന്നാലെ രാജ്യത്ത് വലിയ തോതിൽ ഹിന്ദുക്കൾക്കെതിരായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കുന്നതും, ക്ഷേത്രങ്ങൾ തകർക്കുന്നതുമെല്ലാം രാജ്യത്ത് സ്ഥിരസംഭവമായി മാറുകയായിരുന്നു. രാജ്യത്തെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളുടേയും ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് അധികാരമേറ്റതിന് ശേഷം മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറപ്പ് നൽകിയിരുന്നു. 1971ൽ വിമോചനസമരകാലത്ത് ബംഗ്ലാദേശ് ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നു. എന്നാൽ ഇപ്പോൾ ജനസംഖ്യയുടെ 8 ശതമാനം മാത്രമാണ് രാജ്യത്ത് ഹിന്ദുക്കളുള്ളത്.















