ന്യൂഡൽഹി: സശസ്ത്ര സീമാ ബൽ (SSB) മേധാവി അമൃത് മോഹൻ പ്രസാദ് ഐപിഎസിന് BCAS ഡയറക്ടർ ജനറൽ ചുമതല കൂടി നൽകി. ഇന്ത്യൻ എയർലൈനുകൾക്ക് നേരെ വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) ഡിജിയുടെ അധിക ചുമതല SSB മേധാവിക്ക് നൽകിയത്. ഡൽഹിയിലെ BCAS ആസ്ഥാനത്ത് എത്തി അമൃത് മോഹൻ പ്രസാദ് ഐപിഎസ് ചുമതലയേറ്റെടുത്തു. മുൻ ഡിജി സുൽഫിക്കർ ഹസൻ വ്യാഴാഴ്ച വിരമിച്ച ഒഴിവിലാണ് അമൃത് മോഹൻ നിയമിതനായത്.
അതിനിടെ വ്യാജബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നാഗ്പൂരിൽ നിന്ന് 35-കാരൻ അറസ്റ്റിലായിരുന്നു. ഒക്ടോബർ 25നും 30നും ഇടയിൽ മുപ്പതോളം വ്യാജ ബോംബ് ഭീഷണികളായിരുന്നു ഇയാൾ ഉയർത്തിയത്. നാഗ്പൂർ സ്വദേശിയായ ശ്രീരാം ഉക്കെയ് എന്നയാളെ മഹാരാഷ്‌ട്ര പൊലീസ് പിടികൂടുകയായിരുന്നു. വിമാന സർവീസുകൾക്കെതിരെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കെതിരെയും ഇയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ അഞ്ഞൂറിലധികം വിമാനങ്ങൾക്ക് നേരെയാണ് നുണബോംബ് ഭീഷണി ഉയർന്നത്. സോഷ്യൽമീഡിയ വഴിയാണ് ഭീഷണികളിൽ ഏറെയും എത്തുന്നത്.















