മുംബൈ: ഹിന്ദു കലണ്ടർ വർഷമായ സംവത്-2081 ആരംഭം കുറിച്ചു കൊണ്ട് നടന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് നേട്ടം. സെൻസെക്സ് 335.06 പോയിന്റ് ഉയർന്ന് 79,724.12 ലും നിഫ്റ്റി 94.20 പോയിന്റ് ഉയർന്ന് 24,299.55 ലും വ്യാപാരം അവസാനിപ്പിച്ചു. വൈകുന്നേരം 5.45 ന് തന്നെ സെൻസെക്സ് 500 ലധികം പോയിന്റെ് ഉയർന്നു. ഇടയ്‌ക്ക് സെൻസെക്സ് 80,023.75 വരെയും നിഫ്റ്റി 24,368.25 വരെയും എത്തിയിരുന്നു.
മുഹൂർത്ത വ്യാപരത്തിലുണ്ടാകുന്ന നേട്ടം വർഷം മുഴുവൻ പ്രതിഫലിക്കുമെന്നാണ് വിശ്വാസം. കഴിഞ്ഞ വർഷം മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 355 പോയിന്റ് നേട്ടമുണ്ടാക്കിയിരുന്നു. സംവത്-2020 ന്റെ അവസാന വ്യാപാര ദിവസമായ വ്യാഴാഴ്ച സെൻസെക്സ് 553.12 പോയിന്റിന്റേയും നിഫ്റ്റി 135.50 പോയിന്റിന്റേയും നഷ്ടം നേരിട്ടിരുന്നു. കഴിഞ്ഞ സംവത് വർഷത്തിൽ സെൻസെക്സ് 14,484 ന്റെയും നിഫ്റ്റി 4780 ന്റെയും കുതിപ്പാണ് നടത്തിയത്. ഇത് നിക്ഷേപകരുടെ ആസ്തിയിൽ 124.42 ലക്ഷം കോടിയുടെ വർദ്ധനവുണ്ടാക്കി. സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് 32 ശതമാനം ആദായം ലഭിക്കുകയും ചെയ്തു.
ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ 18 മുഹൂർത്ത വ്യാപാരങ്ങളിൽ 14 ലും സെൻസെക്‌സ് പോസ്റ്റീവ് റിട്ടേൺ നൽകിയിട്ടുണ്ട്. 1957 ലാണ് മുംബൈ സ്റ്റോക്ക് എക്സചേഞ്ചിൽ മുഹൂർത്ത വ്യാപാരം ആരംഭിച്ചത്. മുപ്പത് വർഷത്തിന് ശേഷം 1992ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഈ പാരമ്പര്യ വഴിയിൽ എത്തി. മുഹൂർത്ത് വ്യാപാരത്തിന്റെ വേരുകൾ ‘ചോപ്ദാ പൂജ’യുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേക പ്രാർത്ഥനകളോടെയാണ് നിക്ഷേപകർ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്.















