കൊച്ചി: മുനമ്പത്തെ വഖഫ് കയ്യേറ്റ പ്രശ്നത്തിന് പിന്നിൽ സാങ്കേതികവിഷയങ്ങളെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാർ പ്രശ്നത്തിൽ അമാന്തം കാണിക്കുന്നുവെന്നും ആത്മാർത്ഥത കാണിക്കാൻ സർക്കാർ തയ്യാറാവുകയാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുനമ്പത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ്. അവരെ സംരക്ഷിക്കണം. അവർക്ക് നിയമപരമായ പരിരക്ഷ നൽകണം. കിടപ്പാടം നഷ്ടപ്പെടരുത്, സ്വത്തുവകകൾ നഷ്ടപ്പെടരുത് എന്നുള്ള കാര്യത്തിൽ ആർക്കും വിയോജിപ്പുണ്ടായിട്ടില്ല. പ്രദേശവാസികളെ ഇറക്കി വിടണമെന്ന് ഒരാൾക്കും അഭിപ്രായമില്ല. നിയമപരമായി പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം അധികാരികൾക്കാണ്. അത് തീർത്ത് കൊടുക്കാൻ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മുസ്ലീം സംഘടനകൾ പൂർണ സഹകരണം പ്രഖ്യാപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ തീരുമാനമാണ് സാദിഖ് അലി ഷിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന മുസ്ലീം സംഘടനകളുടെ യോഗത്തിലെടുത്തത്. ഫറൂഫ് കോളേജാണ് ഒരു വശത്തുള്ള കക്ഷി, അവർ യോഗത്തിലുണ്ടായിരുന്നു. അവർക്ക് വിഷയത്തിൽ തർക്കമില്ല. പ്രശ്നത്തിന് നിയമപരമായ പരിഹാരമുണ്ടാകാണം. പ്രചാരണങ്ങൾ അവസാനിപ്പിക്കണം. ക്യാമ്പെയ്ന് പകരം അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കുകയാണ് വേണ്ടതെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.















