വയനാട്: അശ്വനി കുമാർ വധക്കേസിലെ വിധി അട്ടിമറിക്കാൻ പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊലീസും പ്രോസിക്യൂഷനും തമ്മിലുള്ള ഒത്തുകളിയാണ് ഇത്തരം ഒരു വിധിക്ക് കാരണം.
സംസ്ഥാന സർക്കാർ ഇടപെട്ടാണ് എൻഐഎ അന്വേഷണം തടഞ്ഞത്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. അങ്ങേയറ്റം നിരാശ ജനകമായ വിധിയാണ് ഉണ്ടായതെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
മനുഷ്യ മനസാക്ഷിയെ നടുക്കിയ അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 14 എൻഡിഎഫ് പ്രവർത്തകരിൽ 13 പേരെയും കോടതി വെറുതെ വിട്ടിരുന്നു. മൂന്നാം പ്രതിയെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി.















