ഹൈദരാബാദ് : സനാതന ധർമ്മ സംരക്ഷണത്തിനായി നരസിംഹ വരാഹി ഗണം (എൻവിജി) രൂപീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . ഹിന്ദുമതത്തെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു . ദ്വാരക തിരുമല മണ്ഡലത്തിലെ ഐഎസ് ജഗന്നാഥപുരത്ത് സൗജന്യ എൽപിജി സിലിണ്ടർ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് അദ്ദേഹം.
സംസ്ഥാനത്തെ ഇതര വിശ്വാസങ്ങളെ ഏതെങ്കിലും ഗ്രൂപ്പുകളോ വ്യക്തികളോ അപമാനിച്ചാൽ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓരോ ഹിന്ദുവും ചില അച്ചടക്കം പഠിക്കണം. ഇതര വിശ്വാസങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൻഡോവ്‌മെൻ്റ് വകുപ്പിനോട് നിർദേശിച്ചു.ക്ഷേത്രങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും , അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരികെ പിടിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ എൻഡിഎയെയും സ്ത്രീകളെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ വൈഎസ്ആർസി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നേരത്തെ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നടന്ന സുദർശന നരസിംഹ ധന്വന്തരി ഗരുഡ ആഞ്ജനേയ അനന്തഹോമത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.