മുംബൈ: സൽമാൻ ഖാന് അധോലക സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻകാല കാമുകിയായ സോമി അലി. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന് വന്ന ഭീഷണി കോളിനെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. 1990 കാലഘട്ടത്തിൽ സൽമാന്റെ കാമുകിയായിരുന്നു സോമി അലി.
അഭിമുഖത്തിൽ സൽമാന് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യം സോമി വിവരിച്ചു. പ്രണയത്തിലായിരുന്ന മൂന്ന് വർഷക്കാലം സൽമാൻ ഖാനോടൊപ്പം അദ്ദേഹത്തിന്റെ ഗാലക്‌സി അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഒരിക്കൽ തങ്ങളുടെ ബെഡ്റൂമിലെ ലാൻഡ്ഫോണിലേക്ക് ഒരു കോൾ വന്നു. മറുവശത്തുള്ള അജ്ഞാത വ്യക്തി തന്നെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. “സൽമാനോട് പറഞ്ഞേക്കു സോമി അലിയെ ഞങ്ങൾ തട്ടിക്കൊണ്ടുപോകുമെന്ന് “എന്നാണ് വിളിച്ചയാൾ പറഞ്ഞത്, സോമി അലി പറഞ്ഞു.
ഇക്കാര്യം സൽമാനോട് പറഞ്ഞിരുന്നു. അദ്ദേഹം പരിഭ്രാന്തനായി പുറത്തേക്ക് പോയി. പക്ഷെ എങ്ങനെയോ ആ പ്രശ്‌നം അദ്ദേഹം പരിഹരിച്ചു. ആ ഭീഷണി സന്ദേശം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല. അധോലോകത്തുനിന്ന് ആരാണ് അന്ന് വിളിച്ചതെന്ന് പിന്നീട് പലവട്ടം അറിയാൻ ശ്രമിച്ചുവെന്നും എന്നാൽ ഇക്കാര്യങ്ങൾ അറിയാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു സൽമാന്റെ മറുപടിയെന്നും സോമി പറഞ്ഞു. സൽമാനെതിരെ ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണികളും വധശ്രമങ്ങളും തുടരുന്ന സഹചര്യത്തിലാണ് സോമിയുടെ വെളിപ്പെടുത്തൽ.















