ബംഗളൂരു : സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിർമ്മിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും കന്നഡയിൽ പേരുകൾ എഴുതുന്നത് നിർബന്ധമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കന്നഡ ഭാഷയുടെ വളർച്ചയ്‌ക്ക് കന്നഡ സംസാരിക്കാത്തവർ കന്നഡ പഠിക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കർണാടകയിൽ സ്വകാര്യ, സർക്കാർ മേഖലകളിൽ നിർമ്മിക്കുന്ന ചരക്കുകളും ഉൽപ്പന്നങ്ങളും നിലവിൽ പാക്കേജിംഗിൽ ഇംഗ്ലീഷ് ഭാഷ മാത്രമാണ് ഉള്ളത്. ഇനിയങ്ങോട്ട് , പാക്കേജിംഗിൽ കന്നഡയിലും ഉൽപ്പന്നങ്ങളുടെ പേരുകൾ ഉണ്ടായിരിക്കണം, ഈ ലക്ഷ്യത്തിനായി ഞങ്ങൾ പരിശ്രമിക്കും, ”
“സംസ്ഥാനത്ത് കന്നഡ അന്തരീക്ഷം സൃഷ്ടിക്കണം. മറ്റു സംസ്ഥാനത്തുനിന്നുള്ളവരെ കന്നഡ പഠിപ്പിക്കണം. അവരെ കന്നഡയിൽ സംസാരിക്കാനും ബിസിനസ്സ് ചെയ്യാനും പ്രേരിപ്പിക്കണം. സർക്കാർ ഇത്തരമൊരു കാര്യം ചെയ്യും, എല്ലാവരെയും കന്നഡ പഠിപ്പിക്കുമെന്ന് പൗരന്മാരും പ്രതിജ്ഞയെടുക്കണം. ” സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
കർണാടക രാജ്യോത്സവ പുരസ്‌കാരവും സുവർണ പ്രഭ പുരസ്‌കാരവും വിജയികൾക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.















