ഒമ്നിവാൻ ട്രക്കിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇന്ന് പുലർച്ച ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ തപരിയ-ഗോയ്കൻപാലി റോഡിലായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന വാൻ ട്രക്കിന്റെ പിന്നിലാണ് ഇടിച്ചുകയറിയത്. പ്രദേശം മഞ്ഞിൽ മൂടിയിരുന്നതായും സൂചനയുണ്ട്. റോഡിന് വശത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിലാണ് വാൻ ഇടിച്ചതെന്നാണ് വിവരം.
ഇതിന്റെ ആഘാതത്തിൽ ആറുപേരും തത്ക്ഷണം മരിച്ചു. കീർത്തൻ ട്രൂപ്പിൽപ്പെട്ട ആൾക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചക്ക്പ്ലൈ ഗ്രാമത്തിൽ കീർത്തനം അവതരിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കണ്ഡഗോഡ, സമർപിണ്ഡ ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു വാഹനത്തിലെ യാത്രക്കാർ.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഡ്രൈവറിന് റോഡിലെ കാഴ്ച മങ്ങിപ്പോയതാകം അപകട കാരണമെന്ന് ഡിഐജി ബ്രിജേഷ് കുമാർ റായ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി.















