തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായുള്ള വീഡിയോ കോളിൽ വിവാദ പരാമർശം നടത്തി വീണ്ടും വെട്ടിലായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം പ്രവർത്തകരുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കെ സുധാകരൻ വീഡിയോ കോളിൽ വിളിച്ചത്.
അടിച്ചവരെ തിരിച്ചടിക്കാമെന്നും ഭയപ്പെടേണ്ടെന്നുമാണ് സുധാകരൻ പറയുന്നത്. ഞങ്ങൾ ആൾക്കാർ കുറവായിരുന്നുവെന്ന് പ്രവർത്തകൻ പറയുമ്പോൾ ഒന്നും ബേജാറാകേണ്ട, താൻ വന്നിട്ട് തിരിച്ചടിക്കാമെന്നും സുധാകരൻ പറയുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.
ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് ചെറുതുരുത്തിയിലാണ് സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെയും ഒരു കോൺഗ്രസ് പ്രവർത്തകനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഇതിന് മുൻപും ഭീഷണി പരാമർശങ്ങൾ നടത്തി സുധാകരൻ വെട്ടിലായിരുന്നു. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതർക്കെതിരെയായിരുന്നു കെ സുധാകരന്റെ ഭീഷണി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന സുധാകരന്റെ ഭീഷണി പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.