കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴി. പെട്രോൾ പമ്പുമായി തനിക്ക് ബന്ധമില്ലെന്നും പരാതിക്കാരനായ പ്രശാന്തനെ നേരത്തെ പരിചയമില്ലെന്നും ദിവ്യ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ജില്ലാ പഞ്ചായത്തിന്റെ ഹെൽപ് ഡെസ്‌കിൽ വന്ന അപേക്ഷകൻ മാത്രമാണ് പ്രശാന്തനെന്നും ദിവ്യ പറഞ്ഞു. ഇന്നലെയാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ദിവ്യ. പ്രശാന്തനുമായി ഫോൺവിളികൾ ഉണ്ടായിട്ടില്ലെന്നും ദിവ്യ മൊഴി നൽകി.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതിചേർക്കില്ലെന്നാണ് വിവരം. നവീന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ദിവ്യക്കെതിരെ സംഘടനാ നടപടികൾ ഉണ്ടാവില്ലെന്ന് സിപിഎം അറിയിച്ചിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും തരം താഴ്‌ത്തുന്നതടക്കമുള്ള നടപടികൾ തത്ക്കാലം വേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.















