ഡെലിവറിക്ക് ശേഷമുള്ള അനുഭവങ്ങളും ശാരീരിക മാറ്റങ്ങളും പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകയുമായ പേർളി മാണി. പ്രസവത്തിന് ശേഷം ഒരുപാട് ആഹാരം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ അമിതവണ്ണം ഉണ്ടായപ്പോൾ ഇവരാരും കൂടെയുണ്ടായിരുന്നില്ല. എല്ലാ സ്ത്രീകളുടെ അവസ്ഥയും ഇത് തന്നെയാണെന്നും പേർളി മാണി പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിൽ നടന്ന ഒരു പരിപാടിയിലാണ് പ്രസവത്തിന് ശേഷമുള്ള തന്റെ അനുഭവങ്ങൾ പേർളി പങ്കുവച്ചത്.
പ്രസവത്തിന് ശേഷം അമിതമായി ആഹാരം കഴിക്കാതിരിക്കുക. കാരണം അത് പിന്നീട് നമുക്ക് വലിയ അസ്വസ്ഥതകൾ ഉണ്ടാക്കും. ആഹാരം കഴിപ്പിക്കാൻ ചുറ്റും ഒരുപാട് ആൾക്കാരുണ്ടാകും. പക്ഷേ അമിതഭാരമുണ്ടായാൽ അത് കുറയ്‌ക്കാൻ നമ്മൾ മാത്രമേ കാണൂ. പ്രസവത്തിന് ശേഷം ആരോഗ്യത്തിന് ദോഷകരമായ രീതിയിൽ ഒരുപാട് ആഹാരം വാരിവലിച്ച് കഴിക്കരുത്. ആ സമയത്ത്, രുചികരമെന്നും നല്ലതെന്നും നമുക്ക് തോന്നും. പക്ഷേ പിന്നീടത് വളരെയധികം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കും.
പ്രസവം അടുത്തിരിക്കുന്ന സമയത്ത് എല്ലാ ദിവസും 10 മിനിറ്റ് നടക്കുന്നത് നല്ലതാണ്. പ്രസവത്തിന് ശേഷം സന്തോഷമായി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് എന്ത് പ്രശ്നമുണ്ടായാലും അതൊന്നും കാര്യമാക്കാതെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ശക്തി നമുടെയുള്ളിൽ ഉണ്ടാകും. മാനസികമായി ഞാൻ റെഡിയായത് കൊണ്ടാണ് ഡെലിവറിക്ക് ശേഷം എനിക്ക് വലിയ വിഷമങ്ങളൊന്നും ഉണ്ടാകാതിരുന്നത്. രണ്ട് മാസത്തോളം ഞാൻ ഫോൺ എടുത്തിരുന്നില്ല. മുഴുവൻ സമയവും ശ്രീനിഷിനോട് സംസാരിക്കുകയും കുഞ്ഞിനെ നോക്കുകയും ചെയ്തു.
മുമ്പൊന്നും വ്യായാമം ചെയ്യാനോ ആരോഗ്യം ശ്രദ്ധിക്കാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്ന് കൃത്യമായ ഒരു സമയം കണ്ടെത്തി ഞാൻ വർക്കൗട്ട് ചെയ്യുന്നു. ഡയറ്റ്, വർക്കൗട്ട് എന്നിവ ഒരിക്കലും കുറച്ച് നാളുകൾ മാത്രം ചെയ്യേണ്ടതല്ല. ജീവിതകാലം മുഴുവൻ ഇത് ഫോളോ ചെയ്യേണ്ടതാണ്. പ്രസവത്തിന് ശേഷം മെലിയാൻ വേണ്ടി ഞാൻ ഒരു വ്യായാമവും ചെയ്തിട്ടില്ല. ശരീരത്തിന് ഒരു ഉന്മേഷവും സന്തോഷവും കിട്ടാനായാണ് വ്യായാമം ചെയ്യുന്നതെന്നും പേർളി മാണി പറഞ്ഞു.















