കാസർകോട്: നീലേശ്വരം വെടിക്കെട്ടിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. 40 ശതമാനം പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു സന്ദീപ്. വൈകിട്ടോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ചാമുണ്ഡി തെയ്യത്തിന്റെ കളിയാട്ടത്തിനിടെയാണ് അപകടമുണ്ടായത്. പടക്കം പൊട്ടിക്കുന്നതിനിടെ കൂട്ടിവച്ച പടക്കങ്ങൾക്ക് മുകളിലേക്ക് തീപൊരി വീഴുകയായിരുന്നു.
അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ലധികം ആളുകൾക്ക് പരിക്കേറ്റു. ചിലർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ച പി രാജേഷ്, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇവരെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.