മുംബൈ ഇന്ത്യൻസിനെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ്. ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അഞ്ചുപേരെയാണ് നിലനിർത്തിയത്. നായകനായ ഹാർദിക് പാണ്ഡ്യ, മുൻ നായകൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, തിലക് വർമ എന്നിവരാണ് വരും സീസണിലും മുംബൈക്കൊപ്പം തുടരുന്നത്. 18 കോടി പ്രതിഫലം നൽകിയാണ് ബുമ്രയെ ടീം നിലനിർത്തിയത്.
സൂര്യകുമാറിനും ഹാർദിക്കിനും 16.35 കോടിയും രോഹിത്തിന് 16.30 കോടിയുമാണ് നൽകുന്നത്. തിലക് വർമയ്‌ക്ക് നൽകുന്നത് എട്ടുകോടിയാണ്. മുംബൈയെ നയിക്കാനുള്ള മോഹം സൂര്യകുമാർ യാദവ് പ്രകടിപ്പിച്ചെങ്കിലും ഹാർദിക്കിനെ മാറ്റുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് ഉറപ്പുകൾ നൽകിയില്ല. ഉപാധികളെക്കുറിച്ചുള്ള ടീമിന്റെ ചോദ്യത്തിനായിരുന്നു സൂര്യകുമാറിന്റെ ക്യാപ്റ്റനാകാനുള്ള മോഹം മറുപടിയായത്.
തത്കാലും ക്യാപ്റ്റനെ മാറ്റുന്ന കാര്യം മാനേജ്മെന്റിന്റെ പരിഗണനയിലില്ലെങ്കിലും സീസണിലെ പ്രകടനം ഈ തീരുമാനത്തിൽ വ്യതിചലിപ്പിക്കുമെന്ന സൂചന സൂര്യക്ക് ടീം നൽകിയിട്ടുണ്ട്. പരിശീലകൻ മഹേല ജയവർധനയും ടീം ഉടമ ആകാശ് അംബാനിയുമാണ് താരങ്ങളുമായി സംസാരിച്ചത്.