കൊൽക്കത്ത: ബംഗാളിൽ എട്ട് കോടി രൂപ വിലമതിക്കുന്ന ലഹരി കലർന്ന കഫ് സിറപ്പുകൾ പൊലീസ് പിടികൂടി. പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അനധികൃതമായി കടത്താൻ ശ്രമിച്ച കഫ് സിറപ്പുകൾ പിടികൂടിയത്. 54,000 കുപ്പികളാണ് സംഘം പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിലിഗുരിയിലെ വനമേഖലയ്‌ക്ക് സമീപത്തെ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സിറപ്പുകൾ പിടിച്ചെടുത്തത്. അസമിലെ ചിരാംഗ് സ്വദേശിയായ താഹറെയാണ് അറസ്റ്റിലായത്. ഝാർഖണ്ഡിൽ നിന്ന് അസമിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തുന്ന ശൃംഖലയുടെ ഭാഗമാണ് താഹർ എന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കഫ് സിറപ്പ് കടത്താൻ ഉപയോഗിച്ച വാഹനവും എസ്ടിഎഫ് പിടികൂടിയിട്ടുണ്ട്. മാർബിളിന്റെ ഇടയിൽ ഒളിപ്പിച്ച നിലയിലാണ് മരുന്ന് കടത്താൻ ശ്രമിച്ചത്. കഫ് സിറപ്പുകൾ ലഹരി മരുന്നായി ഉപയോഗിക്കാൻ രഹസ്യമായി കടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
അടുത്തിടെ, കൊൽക്കത്തയിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന 2.5 കിലോ ഹെറോയിൻ എസ്ടിഎഫ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.