ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അമരൻ ഹിറ്റായി മുന്നേറുമ്പോൾ അഭിനന്ദനങ്ങളുമായി രജനികാന്ത്. മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും നേരിട്ടെത്തിയാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
ശിവകാർത്തികേയൻ, സംവിധായകൻ രാജ്കുമാർ പെരിയസാമി, ഛായാഗ്രാഹകൻ സിഎച്ച് സായി, നിർമാതാവ് ആർ മഹേന്ദ്രൻ എന്നിവരെയാണ് രജനികാന്ത് സന്ദർശിച്ചത്. രാജ് കമൽ ഇൻ്റർനാഷണൽ ഫിലിംസിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. അമരൻ കണ്ടതിന് ശേഷം രജനികാന്ത് ചിത്രത്തിന്റെ നിർമാതാവും തന്റെ സുഹൃത്തുമായ കമൽഹാസനുമായി ഫോണിൽ സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
#Superstar @rajinikanth தனது நண்பர் கமல்ஹாசன் தயாரிப்பில் சிவகார்த்திகேயன் நடிப்பில் ராஜ்குமார் பெரியசாமி இயக்கத்தில் வெளியான ‘அமரன்’ படத்தைப் பார்த்து மகிழ்ந்தார்.
நேற்று தனது நண்பர் கமல்ஹாசன் அவர்களை தொலைபேசியில் அழைத்த சூப்பர் ஸ்டார் இந்தப் படத்தைத் தயாரித்ததற்காக மனமார்ந்த… pic.twitter.com/bPurzyxDxj
— Raaj Kamal Films International (@RKFI) November 2, 2024
മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സിനിമ ബോക്‌സോഫീസിൽ വലിയ കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്. പ്രമുഖ സംവിധായകന്മാരും താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെ പോലും പിന്നിലാക്കികൊണ്ടാണ് അമരൻ കുതിക്കുന്നത്.
2014 ഏപ്രിൽ 25 നാണ് മേജര്‍ മുകുന്ദ് വരദരാജൻ വീരമൃത്യു വരിച്ചത്. ഷോപ്പിയനില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയുൾപ്പെടെയുള്ള ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നീട് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.















