കാസർകോട്: കാസർകോട് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവാണ് മരിച്ചത്. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. ഇയാൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയാണ് നീലേശ്വരത്തെ ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടമുണ്ടാകുന്നത്. പൊള്ളലേറ്റ 98 ഓളം പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. മരിച്ച രതീഷിന് അപകടത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
രതീഷിന്റെ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നുവെന്നും രക്ത സമ്മർദ്ദം കുറവായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാളും മരണപ്പെട്ടിരുന്നു. കിണാവൂർ സ്വദേശി സന്ദീപാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള 98 പേരിൽ 30 പേർ ഐസിയുവിലും 4 പേർ വെന്റിലേറ്ററിലുമാണ്.