കോഴിക്കോട്: സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടും ജപ്തി ചെയ്തതോടെ ദുരിതത്തിലായി വൃദ്ധദമ്പതികൾ. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 80-കാരൻ ഭാസ്കരനും ഭാര്യയുമാണ് ദുരിതം അനുഭവിക്കുന്നത്. ആറ് മക്കളുണ്ടായിട്ടും തുണയായി ആരുമില്ലാത്ത അവസ്ഥ.
മക്കളിലൊരാൾ വിവാഹബന്ധം വേർപ്പെടുത്തിയതാണ് 85 സെൻ്റ് സ്ഥലവും പഞ്ചായത്തിൽ നിന്ന് വീട് നഷ്ടമാകുന്ന സ്ഥിതിയിലെത്തിയത്. കോടതി വിധിച്ച നഷ്ടപരിഹാര തുക കൊടുക്കാതിരുന്നതോടെ കോടതി ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. മക്കളെല്ലാവരും കയ്യൊഴിഞ്ഞതോടെ വീടിന് മുൻപിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് കീഴിലാണ് ഇവർ താമസിക്കുന്നത്.
നാട്ടുകാരുടെ കരുണയിലാണ് കുടുംബം കഴിയുന്നത്. പ്രദേശവാസിയായ പൊതുപ്രവർത്തകൻ ദുരിതാവസ്ഥ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നിയമസഹായത്തിന് ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയെ സമീപിക്കാമെന്ന നിർദ്ദേശം മാത്രമാണ് ലഭിച്ചത്. ഉറ്റവർക്കൊപ്പം അധികാരികൾ കൂടി കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വൃദ്ധദമ്പതികൾ.















