കോഴിക്കോട്: സപ്ലൈകോ സൂപ്പർമാർക്കറ്റിൽനിന്ന് അരി കടത്തിയ സംഭവത്തിൽ മാനേജരെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മാനേജർ ടി.പി. രമേശനെയാണ് അന്വേഷണവിധേയമായി കോഴിക്കോട് റീജണൽ മാനേജർ ഇൻ ചാർജ് അനൂപ് സസ്പെൻഡ് ചെയ്തത്.
ഷോപ്പിൽ രണ്ടുദിവസമായി നടത്തിയ കണക്കെടുപ്പിന്റേയും പരിശോധനയുടേയും അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അരി കടത്തുന്നതായി ആരോപിച്ച് തുറയൂർ സപ്ലൈകോ ഷോപ്പിന് മുന്നിൽ നാട്ടുകാർ മാനേജരുടെ കാർ കഴിഞ്ഞ ദിവസം രാത്രി തടഞ്ഞിരുന്നു.
25 കിലോവീതമുള്ള മൂന്ന് സഞ്ചി അരി കാറിന്റെ ഡിക്കിയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ സ്ഥലത്തെത്തിയ പൊലീസ് കാറും അരിയും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ മാനേജരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.