മാണ്ഡ്യ: കർണാടക സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ കീഴിൽ അഴിഞ്ഞാട്ടം തുടരുന്ന കർണാടക സ്റ്റേറ്റ് വഖഫ് ബോർഡ് ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലും അവകാശവാദം ഉന്നയിച്ചു. ശ്രീരംഗപട്ടണ താലൂക്കിലെ മഹാദേവപുര ഗ്രാമത്തിൽ ചിക്കമ്മ ദേവി ക്ഷേത്രമാണ് വഖഫ് സ്വത്തായി പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് തർക്കം പൊട്ടിപ്പുറപ്പെട്ടു.
ഏതാണ്ട് 15 സെന്റ് ഭൂമിയിലാണ് വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം നിർമ്മിച്ചത്. അന്നുമുതൽ ഗ്രാമവാസികൾ അവിടെ ചിക്കമ്മ ദേവിയെ ആരാധിച്ചുവരുന്നു. ഈ ക്ഷേത്രത്തിന്റെ ഭൂമി പഴയ കാല റവന്യൂ രേഖകളിൽ കന്നഡ പ്രാദേശിക സർവ്വേ ഭാഷയായ ‘ബഞ്ചാരു’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഭൂമികൾ സർക്കാർ ഉടമസ്ഥതയിൽ ഉള്ളവയോ പുറമ്പോക്കോ ആയിരിക്കും. 2023 ജൂലൈ 17 വരെ റവന്യൂ രേഖകളിൽ ഇത് മുമ്പ് ‘ചിക്കമ്മ ദേവി ക്ഷേത്രം’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ ഈ ക്ഷേത്രവും സ്ഥലവും വഖഫ് സ്വത്തായി പ്രഖ്യാപിച്ചു. പാണ്ഡവപുര സബ്ഡിവിഷൻ ഓഫീസർ ഇത് വഖഫ് സ്വത്തായി മാറ്റി.
തങ്ങളറിയാതെ ഒരു ഹിന്ദു ക്ഷേത്രം വഖഫ് സ്വത്താക്കി മാറ്റിയ വഞ്ചനാപരമായ അധിനിവേശ ശ്രമത്തെ നേരിടാൻ അരയും തലയും മുറുക്കി രംഗത്തു വന്നിരിക്കുകയാണ് മഹാദേവപുര ഗ്രാമവാസികൾ .















