തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് ഒരാളെ രക്ഷിച്ചു. വർക്കല ആലിയിറക്കം ബീച്ചിലാണ് സംഭവം.
കടലിൽ ഇറങ്ങരുതെന്ന കർശന മുന്നറിയിപ്പ് വകവെക്കാതെയാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ തിരമാല അടിച്ചുകയറുകയും വിദ്യാർത്ഥികൾ തിരയിൽപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ടാണ് ലൈഫ് ഗാർഡും നാട്ടുകാരും ഓടിയെത്തിയത്. തുടർന്ന് ഒരാളെ രക്ഷിച്ച് കരയിലെത്തിച്ചു.
രക്ഷിച്ച വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ നെൽസൺ ജെയ്സന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഐടി വിദ്യാർത്ഥികളായ പെൺകുട്ടികളടങ്ങുന്ന നാലംഗ സംഘമാണ് കുളിക്കാനായി കടലിലിറങ്ങിയത്.