ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്‌ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്ന് സുരക്ഷാ സേന അറിയിച്ചു.
സൈനികരെ ലക്ഷ്യമിട്ടുള്ള ഗ്രനേഡ് ആക്രമണമാണുണ്ടായത്. ലാൽ ചൗക്കിന് സമീപമുള്ള പോളോ മൈതാനത്താണ് ഞായറാഴ്ച ചന്ത പ്രവർത്തിച്ചിരുന്നത്. ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന സിആർപിഎഫ് വാഹനത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം.
സിആർപിഎഫ് വാഹനത്തിന് സമീപത്തായി നിർത്തിയിരുന്ന ഉന്തുവണ്ടിയിൽ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും പരിശോധനയിൽ ഇത് ഗ്രനേഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സുരക്ഷാ സേന അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനത്തോടെ പൂർത്തിയായതിന് പിന്നാലെ കശ്മീരിനെ വീണ്ടും അശാന്തിയിലേക്ക് തളളിവിടാനുളള നീക്കമാണ് ഭീകരർ നടത്തുന്നത്. ഭീകർക്കായുള്ള തെരച്ചിലിൽ ലഷ്‌കർ- ഇ-തൊയ്ബയുടെ കമാൻഡർ ജനറൽ ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന കഴിഞ്ഞദിവസം വധിച്ചു. നിലവിൽ ലാൽ ചൗക്കിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.