സിനിമയിൽ നടന്മാരാണ് നായികയെ തീരുമാനിക്കുന്നതെന്ന് തെന്നിന്ത്യൻ നടി തപ്സി പന്നു. തനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരും കരുതുന്നതെന്നും പക്ഷേ, അതൊന്നും ഒരിക്കലും സത്യമല്ലെന്നും തപ്സി പന്നു പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ചില സിനിമകൾ ചെയ്യുമ്പോൾ നല്ല പ്രതിഫലം ലഭിക്കാറുണ്ട്. എന്നാൽ ചില സിനിമകൾക്ക് പ്രതിഫലം അധികം കിട്ടാറില്ല. അത്തരത്തിലുള്ള സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ എനിക്കൊരു സഹായമാകട്ടെ എന്നാണ് സിനിമയുടെ അണിയറയിലെ ആളുകൾ കരുതുന്നത്. എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളിലും നായകന്മാരാണ് സഹതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. സിനിമയ്‌ക്കുള്ള കാസ്റ്റിംഗിൽ തീരുമാനം എടുക്കുന്നത് മുഴുവൻ പുരുഷന്മാരാണ്.
നായികയായി ആര് വേണം എന്നതും നടന്മാരാണ് തീരുമാനിക്കുന്നത്. പ്രേക്ഷകർക്ക് പോലും ഇതറിയാം. 75 ശതമാനം സിനിമകളിലെയും സംവിധായകന്മാർ കാസ്റ്റിംഗിന്റെ കാര്യത്തിൽ മുൻനിര നടന്മാരോടാണ് അഭിപ്രായം ചോദിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിമാരോടൊപ്പം അഭിനയിക്കാനാണ് നടന്മാർക്ക് ഏറെ താത്പര്യം. എന്നാൽ അത് പുറത്തുകാണിക്കില്ലെന്നും തപ്സി പന്നു പറഞ്ഞു.
ഖേൽ ഖേൽ മേയിനാണ് തപ്സിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അക്ഷയ് കുമാർ, ഫർദീൻ ഖാൻ, ആമി വിർക്ക്, വാണി കപൂർ, ആദിത്യ സീൽ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.