തിരുവനന്തപുരം: നവംബർ ഒന്നിന് ഭാഷാ ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലുകളിൽ ഗുരുതര അക്ഷര തെറ്റ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പൊലീസ് ആസ്ഥാനത്തെ ഡിഐജിയോടാണ് കേസ് അന്വേഷിക്കാൻ ഡിജിപി നിർദേശം നൽകിയത്. ഡിഐജി സതീഷ് ബിനോയ് ആയിരിക്കും കേസ് അന്വേഷിക്കുക. മെഡലുകൾ അച്ചടിക്കാനുള്ള ക്വട്ടേഷൻ നൽകിയതിലെ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും.
ആഭ്യന്തര വകുപ്പിനെ മുഴുവൻ നാണക്കേടിലാക്കിയ സംഭവമാണ് മെഡലിലെ ഗുരുതര അക്ഷര തെറ്റ്. ജീവിതത്തിൽ എന്നും ഓർമിക്കാനായി ഉദ്യോഗസ്ഥർ സൂക്ഷിച്ചുവെക്കുന്ന മെഡലുകളിലാണ് അക്ഷര തെറ്റ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഭഗവതി സ്റ്റോഴ്സിനായിരുന്നു മെഡലുകൾ അച്ചടിക്കാനുള്ള ക്വട്ടേഷൻ നൽകിയത്.
ഓഗസ്റ്റ് 15-ന് അവാര്‍ഡുകൾ പ്രഖ്യാപിച്ചിട്ടും ഒക്ടോബർ 16-നാണ് മെഡലുകൾ അച്ചടിക്കാനുള്ള ക്വട്ടേഷൻ ക്ഷണിച്ചത്. തുടർന്ന് ഒക്ടോബർ 23-ന് ഓർഡർ നൽകി. വെറും അഞ്ച് ദിവസം കൊണ്ടാണ് മെഡലുകൾ തയാറാക്കി പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ഒരു മാസം എടുത്ത് തയാറാക്കേണ്ട ജോലിയാണ് അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കിയത്.
സ്ഥിരമായി ഈ ജോലി ഏറ്റെടുക്കുന്ന ഭഗവതി സ്റ്റോഴ്സിന് സ്വന്തമായി അച്ചടി സ്ഥാപനമില്ല. ഉപകരാർ നൽകി, മറ്റ് സ്ഥാപനങ്ങളെയാണ് മെഡലുകൾ തയാറാക്കാൻ ഏർപ്പെടുത്തുന്നത്. ഇത്തരത്തിൽ മെഡലുകൾ അതിവേഗം തയാറാക്കി നൽകിയെന്നാണ് വിവരം. ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ടവർക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ അക്ഷര തെറ്റ് വന്ന മെഡൽ ഭഗവതി ഏജൻസി നൽകിയിരുന്നു എന്ന ആരോപണവും ഉയരുന്നു.















