കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. റോ റോ ക്രോസ്സ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോട്ടുകൾ കൂട്ടിയടിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല.
ഫോർട്ട് കൊച്ചിയിൽ നിന്നും ഹൈക്കോടതിയിലേക്ക് വരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് വരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. ഈ സമയത്ത് ഇരു ബോട്ടുകളിലെയും അലാം ഓണാകുകയും എമർജൻസി വാതിലുകൾ തുറക്കുകയും ചെയ്തിരുന്നു. എന്നാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ യാത്രക്കാർ പരിഭ്രാന്തരായി.
വേഗം കുറച്ചപ്പോൾ ബോട്ടുകൾ തമ്മിൽ ഉരസിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അലാം പ്രവർത്തിച്ചതും എമർജൻസി വാതിലുകൾ തുറന്നതും അടിയന്തിര നടപടിയുടെ ഭാഗമായാണ്. എന്നാൽ അപകടത്തിനുപിന്നാലെ യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധവും പരാതിയും ഉയർന്നു. ഇതിനെത്തുടർന്ന് സംഭവത്തിൽ കേരള വാട്ടർ മെട്രോ ലിമിറ്റഡ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.















