കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണും വൈദ്യുത പോസ്റ്റുകൾ തകർന്നുമാണ് അപകടം. കോഴിക്കോട് മുക്കം, മാവൂർ, കൂളിമാട് ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു.
താത്തൂർ, മുതിര പറമ്പ്, വെള്ളശ്ശേരി എന്നിവിടങ്ങളിലാണ് വൈദ്യുത പോസ്റ്റുകൾ തകർന്നുവീണത്. മുതിരപ്പറമ്പിൽ ബസിനും ട്രാവലറിനും മുകളിലേക്ക് സമീപത്ത് നിന്ന വലിയ മരച്ചില്ലകൾ ഒടിഞ്ഞുവീണു. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെത്തി വാഹനത്തിന് മുകളിലേക്ക് വീണ ചില്ലകൾ മുറിച്ചുമാറ്റി.
മരം വീണതിനെ തുടർന്ന് ഇവിടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.















