തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന രണ്ട് പ്രശ്നങ്ങളിൽ മാർക്സിസ്റ്റ് പാർട്ടി ഉത്തരം മുട്ടി നിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസന്വേഷണം എവിടെയും എത്തിയില്ല. പത്ത് വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത പി പി ദിവ്യയുടെ അറസ്റ്റ് വൈകിയത് എന്തുകൊണ്ടാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.
പി പി ദ്യവിയെ പൊലീസിന്റെ കണ്ണിൽ പെടാതെ സംരക്ഷിച്ചത് ആരാണെന്ന് പിണറായി പറയണം. ഗൂഢാലോചനയിൽ ആർക്കൊക്കെ പങ്കുണ്ട് എന്ന കാര്യമൊന്നും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. കേസിൽ നിന്ന് കളക്ടറെ മാറ്റിനിർത്തിയിട്ടുള്ള അന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ല. പി പി ദിവ്യയെ രക്ഷിക്കാനുള്ള പ്രസ്താവനകളാണ് ജില്ലാ കളക്ടർ നടത്തുന്നത്.
മുനമ്പത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുകയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും നിലപാട് എന്താണ്. പ്രതിപക്ഷ നേതാവ് മുനമ്പത്ത് പോയി ഞങ്ങൾ നിങ്ങളോടൊപ്പമാണെന്ന് പറയും. കോഴിക്കോട് മുസ്ലീം സംഘടനകൾ വിളിച്ച് ചേർക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും അതേ പ്രതിപക്ഷ നേതാവാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാട് പോലുമില്ല.
എകെജി സെന്ററിൽ നിന്നാണ് സിപിഎം തിരക്കഥ ഒരുക്കുന്നത്. അജിത് പവാറിന്റെ പാർട്ടിയിൽ ചേരാൻ കേരളത്തിലെ രണ്ട് എംഎൽഎമാർക്ക് നൂറ് കോടി വാഗ്ദാനം ചെയ്തു എന്നതായിരുന്നു ആദ്യത്തെ തിരക്കഥ. ആ തിരക്കഥ ചീറ്റി പോയപ്പോൾ കൊടകര അന്വേഷണം, വെളിപ്പെടുത്തൽ എന്നൊക്കെ കുറെ കഥകൾ മെനഞ്ഞുണ്ടാക്കി. സംവിധായകന്മാർ തിരക്കഥ അന്വേഷിക്കുന്നുണ്ടെങ്കിൽ എകെജി സെന്ററുമായി ബന്ധപ്പെട്ടാൽ നല്ല കഥകൾ ലഭിക്കുമെന്നും വി ഡി സതീശനും ഈ തിരക്കഥയുടെ ഭാഗമാണെന്നും വി മുരളീധരൻ പറഞ്ഞു.















