മിക്ക മധുര പലഹാരങ്ങളും വാങ്ങുമ്പോൾ അതിന് മുകളിലൊരു സിൽവർ കോട്ടിംഗ് കണ്ടിട്ടുണ്ടാകുമല്ലേ. പലരും ഇത് വകവയ്‌ക്കാതെ തന്നെ സിൽവർ കോട്ടിംഗ് മാറ്റി കഴിക്കാറുമുണ്ട്. എന്നാൽ എന്തിനാകും ഇത്തരത്തിൽ സിൽവർ കോട്ടിംഗ് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ചണ്ടി കാ വാർക്ക്, വാർക്ക്, സിൽവർ ലീഫ് തുടങ്ങിയ പേരുകളിലാണ് ഈ സിൽവർ കോട്ടിംഗ് അറിയപ്പെടുന്നത്. ‘ചണ്ടി’ എന്നാൽ വെള്ളി എന്നർത്ഥം. നെയ്യും പാലുമൊക്കെ ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലാഹാരങ്ങളിലാണ് അധികവും ഇത്തരം കോട്ടിംഗ് ഉപയോഗിക്കുന്നത്. പലഹാരങ്ങൾ ആകർഷമാക്കുന്നതിനാകും ഇത്തരം വെള്ളി കോട്ടിംഗ് എന്ന് ചിലപ്പോൾ കരുതിയേക്കാം.
എന്നാൽ ബാക്ടീരിയ, ഫംഗസ് എന്നിവയെ നശിപ്പിച്ച് പലഹാരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കാൻ ചണ്ടി കാ വാർക്കിന് സാധിക്കും. ഇവ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷം ചെയ്യുന്നില്ല. വെള്ളി കാലങ്ങളായി പാചകത്തിലും ആയുർവേദത്തിലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. സിൽവർ ലീഫിൽ ആൻ്റി-മൈക്രോബിയൽ ഗുണങ്ങളുണ്ട്. കൂടതൽ ദിവസം കേടുകൂടാതെ മധുര പലഹാരങ്ങൾ സൂക്ഷിച്ച് വയ്‌ക്കാനും ഇതിന് സാധിക്കും.
എന്നാൽ അലുമിനിയം ചേർത്തും വാർക്ക് ഉപയോഗിക്കാറുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിന് അത്ര നന്നല്ല. വെള്ളിക്കൊപ്പം നിക്കൽ, ലെഡ്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ അവശിഷ്ടങ്ങൾ ചേർക്കാറുമുണ്ട്. ഗുണനിലവാരമില്ലാത്ത വെള്ളി ഉപയോഗിക്കുന്ന പതിവുമുണ്ട്. ഇതും ആരോഗ്യത്തിന് നന്നല്ല. മധുരപലഹാരങ്ങളിൽ ഉപയോഗിക്കുന്ന വാർക്കിൽ മായം കലർത്തിയിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വഴികളുണ്ട്. അവയിൽ ചിലത് ഇതാ..
- മധുരപലഹാരങ്ങളുടെ മുകളിലൂടെ കൈകൾ ഉരയ്‌ക്കുക. വാർക്കിന്റെ ഭാഗങ്ങൾ കൈയിൽ പറ്റിപ്പിടിച്ചാൽ അതിൽ അലുമിനിയം കലർന്നിട്ടുണ്ട്.
- സിൽവർ ലീഫ് കത്തിച്ച് നോക്കുക. പൂർണമായും കത്തി ചാര നിറത്തിൽ ചാരമായാൽ അലുമിനിയം കലർന്നതാണ്.
- കൈപ്പത്തികൾക്കിടയിൽ വച്ച് വാർക്ക് ഉരുട്ടുക. ശുദ്ധമായ വെള്ളിയാണെങ്കിൽ അത് അപ്രത്?യക്ഷമാകും. അലുമിനിയത്തിന്റെ അംശം കലർന്നതാണെങ്കിൽ പന്ത് പോലെ വാർക്ക് ഉരുണ്ടു വരും.
- ടെസ്റ്റ് ട്യൂബിൽ വാർക്ക് ഇട്ട്, നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ഒരു വെളുത്ത പുക പോലെ വന്നാൽ വെള്ളിയാണ്.















