യാദ്ഗിർ: കർണാടകയിൽ തുടരുന്ന വഖ്ഫ് അധിനിവേശത്തിന്റെ മറ്റൊരു സംഭവ വികാസത്തിൽ യാദ്ഗിർ ജില്ലയിലെ 1,440 കർഷകരുടെ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഏറ്റെടുക്കാൻ വഖ്ഫ് ബോർഡ് നോടീസ് നൽകി. ഈ കർഷകർ തലമുറകളായി ഇതേ ഭൂമിയിൽ കൃഷി ചെയ്തുവരികയായിരുന്നു, ഒരു രേഖകളിലും വഖ്ഫ് ബോർഡിനെക്കുറിച്ച് പരാമർശമില്ല. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ ഭൂരേഖകൾ വഖ്ഫ് ഭൂമിയായി മാറ്റുകയായിരുന്നു.
തന്റെ പിതാവ് അംബണ്ണയുടെ പേരിലുണ്ടായിരുന്ന ഭൂമി അദ്ദേഹത്തിന്റെ കൊങ്ങടി ഗ്രാമത്തിലെ കർഷകനായ സുനിൽ ഹവൽദാർ 2014-ൽ തന്റെ പേരിലേക്ക് മാറ്റി. അന്നൊന്നും ഭൂരേഖകളിൽ വഖ്ഫ് ബോർഡിനെക്കുറിച്ച് പരാമർശമില്ല. കുറച്ചുകാലത്തിനുശേഷം ചില കർഷകർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം റെയിൽവേ ലൈൻ സ്ഥാപിക്കാൻ വിട്ടുകൊടുത്തിരുന്നു.
എന്നാൽ റെയിൽവേയ്‌ക്ക് നൽകിയ ഭൂമിക്ക് 2020-ൽ കർഷകർ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചപ്പോഴാണ് വഖ്ഫ് ബോർഡ് ഇതേ ഭൂമിക്ക് അവകാശവാദമുന്നയിച്ച വിഷയം പുറത്തായത്. നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ കോടതിയെ സമീപിച്ചു.
ഭൂമിയുടെ രേഖകൾ ഉടനടി ശരിയാക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കർണാടക രാജ്യ കർഷക സംഘം വൈസ് പ്രസിഡൻ്റ് ലക്ഷ്മികാന്ത് മുന്നറിയിപ്പ് നൽകി.
എന്നാൽ ജില്ലയിലെ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നൽകിയിട്ടില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ബി.സുശീല പറയുന്നത്. രേഖകളിൽ വഖ്ഫ് ബോർഡിന്റെ പേര് പരാമർശിച്ച നടപടി ചട്ട പ്രകാരമാണെന്നും തിടുക്കപ്പെട്ട് ചെയ്തതല്ലെന്നും അവർ പറഞ്ഞു.















