കൊല്ലം: കൊല്ലം കളക്ടറേറ്റിലെ ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. തമിഴ്നാട് സ്വദേശികളായ അബ്ബാ സലി, ഷംസീൻ കരിം, സാബു സുലൈമാൻ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. നാലാം പ്രതിയായ ഷംസുദ്ദീനെ വെറുതെ വിട്ടു.
നാലാം പ്രതിയുടെ പങ്ക് തെളിയിക്കുന്നതിന് വേണ്ടിയുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഷംസുദ്ദീനെ വെറുതെ വിട്ടത്. എട്ട് വർഷം തങ്ങൾ ജയിലിൽ കഴിഞ്ഞുവെന്നും കുടുംബത്തെ സംരക്ഷിക്കണം, കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. ഇത് പരിഗണിച്ചായിരിക്കും കോടതി ശിക്ഷ വിധിക്കുക.
2016 ജൂൺ 15-നായിരുന്നു കളക്ടറേറ്റിന് സമീപത്ത് കിടന്നിരുന്ന ജീപ്പിൽ സ്ഫോടനം നടന്നത്. ഉപയോഗിക്കാതെ കിടന്ന ജീപ്പിനുള്ളിൽ ചോറ്റുപാത്രത്തിലാണ് ബോംബ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. യുഎപിഎ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.
ഒക്ടോബർ 29-നാണ് കോടതി വിധി പറയാനിരുന്നത്. തെളിവുകളിൽ ഉൾപ്പെടെ കൂടുതൽ വ്യക്തത വരുന്നതിന് വേണ്ടിയാണ് വിധി പറയുന്നത് മാറ്റിയത്. പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിന് ശേഷം ഓരോരുത്തരെയും അഭിപ്രായം കോടതി ചോദിച്ചു. ഇതിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.















