മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ‘ദി കിംഗ്’ എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി വാണി വിശ്വനാഥ്. ചിത്രത്തിലെ ഒരു ഡയലോഗിൽ നിന്നാണ് തന്റെ കരിയർ തുടങ്ങിയതെന്നും ആക്ഷൻ സിനിമകൾ ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു ആ സിനിമയെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി. നീണ്ട ഇടവേളയ്‌ക്ക് ശേഷം ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ മേഖലയിൽ സജീവമാകാനൊരുങ്ങുകയാണ് വാണി വിശ്വനാഥ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദി കിംഗിനെ കുറിച്ച് താരം മനസ് തുറന്നത്.
‘ദി കിംഗ് എന്ന സിനിമയിൽ ഞാൻ മമ്മൂക്കയെ അടിക്കാൻ കൈ പൊക്കുന്ന ഒരു സീനുണ്ട്. അപ്പോൾ മമ്മൂക്ക ഒരു ഡയലോഗ് പറയും. ഇനി നിന്റെ കൈ ഒരാണിന്റെ നേരെയും ഉയരില്ല എന്ന്. പക്ഷേ, ആ സിനിമയ്‌ക്ക് ശേഷമാണ് എന്റെ കൈ ഉയരാൻ തുടങ്ങിയത്. ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ എന്റെ സ്വന്തം സ്റ്റൈലുകളെ കൂടാതെ മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത് എന്നിവരുടെ സ്റ്റൈലുകളും പരീക്ഷിക്കാറുണ്ട്. പക്ഷേ ഇതൊന്നും ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുന്നതും പറന്ന് അടിക്കുന്നതും കുതിരയുടെ പുറത്ത് കയറി വരുന്നതൊക്കെയുള്ള നിരവധി ആക്ഷൻ സീനുകൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ് യഥാർത്ഥ ജീവിതത്തിലെ വാണി വിശ്വനാഥ്. എല്ലാ കാലത്തും ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യണം എന്നില്ല. മലയാളത്തിൽ വ്യത്യസ്തമായ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്’.
സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ഞാൻ സിനിമയോടൊപ്പം തന്നെ ഉണ്ടായിരുന്നു. എല്ലാ സിനിമകളും കാണാറുണ്ട്. മലയാള സിനിമകൾ ആസ്വദിച്ചതിന് ശേഷം മാത്രമേ മറ്റ് സിനിമകൾ കാണാൻ പോവുകയുള്ളൂ. സിനിമ മിസ് ചെയ്തിട്ടില്ല. നല്ല അവസരങ്ങൾ വന്നില്ല എന്നതാണ് സത്യമെന്നും വാണി വിശ്വനാഥ് പറഞ്ഞു.