കോട്ടയം: എരുമേലിയിലെ വില ഏകീകരണം വൈകിപ്പിക്കാൻ നീക്കം. എരുമേലി ജമാഅത്ത് ആണ് എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്. വില ഏകീകരണം നടപ്പിലാക്കിയാൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നാണ് ജമാഅത്തിന്റെ വിശദീകരണം. സ്ഥിതി തുടർന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഹൈന്ദവ സംഘടനകൾ അറിയിച്ചു.
അയ്യപ്പന്മാർ നേരിടുന്ന വലിയ വെല്ലുവിളിയാണ് എരുമേലിയിലെ വില. തോന്നും വിധത്തിലാണ് ആചാരാനുഷ്ഠാനങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ വില. പേട്ട തുള്ളലിന് ഉപയോഗിക്കുന്ന കച്ച, ഗദ, വാൾ തുടങ്ങിയ വസ്തുക്കൾക്കാണ് കൊള്ളവില ഈടാക്കുന്നത്. ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.
അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന സമീപനത്തിന് അറുതി വരണമെന്നും വില ഏകീകരണം നടപ്പാക്കണമെന്ന് വർഷങ്ങളായി ഹൈന്ദവ സംഘടനകൾ ആവശ്യപ്പെടുന്ന കാര്യമാണ്. ഇത്തവണ ദേവസ്വം മന്ത്രി വിഎൻ വാസവൻ വില ഏകീകരണം നടത്തുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിന് മുന്നോടിയായി എരുമേലിയിൽ മന്ത്രി വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഹൈന്ദവ സംഘടനകൾ ആവശ്യം ഉന്നയിച്ചത്.
കോട്ടയം ആർടിഒയെ ഇതിന്റെ തുടർ നടപടികൾക്കായി ചുമതലപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളുടെയും വ്യാപാരികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ച് ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലാണ് എരുമേലി ജമാത്ത് എതിർപ്പ് പ്രകടിപ്പിച്ചത്.
എരുമേലിയിലെ ഭൂരിഭാഗം ഭൂപ്രദേശവും വ്യാപാര സ്ഥാപനങ്ങളും ജമാത്തിന് കീഴിലാണ്. വർഷാവർഷം ലേലത്തിന് കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ എരുമേലിയിലുള്ള വ്യാപാരസ്ഥാപനങ്ങളെല്ലാം നേരത്തെ തന്നെ വലിയ തുകയ്‌ക്ക് ലേലത്തിൽ പോയെന്നാണ് എരുമേലി ജമാത്ത് പറയുന്നത്. വില ഏകീകരണം നടപ്പിലാക്കിയാൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും അവർ അറിയിച്ചു. നാളെ ചേരാനിരിക്കുന്ന യോഗത്തിലും സമാനമായ രീതിയിലുള്ള തീരുമാനം സ്വീകരിക്കുകയാണെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഹൈന്ദവ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.















